
ഇരിങ്ങാലക്കുട : കോരിചൊരിയുന്ന മഴയോടൊപ്പം ഇന്നലെ ‘വർണ്ണക്കുട’യിൽ പെയ്തിറങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴ. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുമുള്ള വനിതകൾ അവരുടെ കലാപ്രകടനങ്ങൾ കുടുംബശ്രീ കലോത്സവത്തിൽ കാഴ്ച്ച വെച്ചു.
തുടർന്ന് നടന്ന ഫോക് ഫെസ്റ്റിൽ കാളകളിയും ശേഷം ക്ളാസിക് ഫെസ്റ്റിൽ അപർണ്ണ രാമചന്ദ്രൻ ഭരതനാട്യം അവതരിപ്പിച്ചു. തുടർന്ന് കുച്ചിപ്പുടിയും, മ്യൂസിക്കൽ ഷെയ്ഡ്സ് ഓഫ് സവേരിയും കാണികൾക്ക് വേറിട്ട അനുഭവമായി.
ഒപ്പം വൈലോപ്പിള്ളി വേദിയിൽ നടന്ന സാഹിത്യ സദസ്സിന് മേമ്പൊടി കൂട്ടി സംവാദവും നടന്നു. ഒഎൻവി, പി ഭാസ്ക്കരൻ എന്നിവർ രചിച്ച ചലച്ചിത്ര ഗാനങ്ങളെ ആസ്പദമാക്കി നടന്ന സംവാദം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും മേരീ ആവാസ് സുനോ റിയാലിറ്റി ഷോ വിജയിയുമായ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്തു. രാജൻ നെല്ലായി അദ്ധ്യക്ഷത വഹിച്ചു. സജീവൻ മാസ്റ്റർ സ്വാഗതവും അശ്വതി തിര നന്ദിയും പറഞ്ഞു. ഒഎൻവി, പി ഭാസ്ക്കരൻ എന്നിവരുടെ നിരവധി രചനകൾ പ്രദീപ് സോമസുന്ദരം വേദിയിലാലപിച്ചത് നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്.