
ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ ക്ക് ഉജ്ജ്വല തുടക്കം. മുഖ്യവേദിയായ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ ഉച്ചതിരിഞ്ഞ് 5 മണിക്ക് ‘പ്രശസ്ത എഴുത്തുകാരൻ ശ്രീ.അശോകൻ ചരുവിൽ ‘വർണ്ണക്കുട’ യുടെ കൊടിയേറ്റകർമ്മം നടത്തി.തുടർന്ന് കാർഷിക, വാണിജ്യ,പുസ്തക പ്രദർശനങ്ങളുടെ ഉദ്ഘാടനം പ്രൊഫ.വി.കെ.ലക്ഷ്മണൻ നായർ നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അശോകൻ ചരുവിൽ, വി.കെ.ലക്ഷ്മണൻ നായർ, മുൻ എം.എൽ.എ കെ.യു.അരുണൻ, സംഘാടക സമിതി ജനറൽ കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. എക്സിബിഷൻ കമ്മിറ്റി കൺവീനർ അഡ്വ.കെ.ജി.അജയകുമാർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി ചെയർമാനും മുനിസിപ്പൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ജിഷ ജോബി നന്ദിയും പറഞ്ഞു.ചടങ്ങിൽ വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൻ ,ജില്ല പഞ്ചായത്തംഗം ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സീമ പ്രേംരാജ്, ഷീജ പവിത്രൻ, ലത സഹദേവൻ, കെ.ആർ.ജോജോ, തമ്പി.കെ.എസ്,കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാനും ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ പ്രതിപക്ഷ നേതാവുമായ കെ.ആർ.വിജയ,മുനിസിപ്പൽ കൗൺസിലർ സി.സി.ഷിബിൻ,സംഘാടക സമിതി കോ-ഓർഡിനേറ്റർ അഡ്വ.പി.ജെ.ജോബി ,ആർ.എൽ.ശ്രീലാൽ,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, സംഘാടക സമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
കൊടിയേറ്റത്തിന് മുന്നോടിയായി ടൗൺ ഹാളിൽ സംഘടിപ്പിച്ച ജൈവ ഭക്ഷണ പാചകമേളയും ശ്രദ്ധേയമായി പുതു തലമുറക്കും രുചിയാസ്വാദകർക്കും വേറിട്ട അനുഭവമായി.
ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. 27 ന് രാവിലെ 9 മണിക്ക് കാത്തലിക് സെൻ്ററിൽ വെച്ച് ഷട്ടിൽ ടൂർണ്ണമെൻ്റും, ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ളക്സിൽ വെച്ച് നീന്തൽ മത്സരവും, മുഖ്യവേദിയായ അയ്യങ്കാവ് മൈതാനത്ത് രാവിലെ മുതൽ കുടുംബശ്രീ കലോത്സവവും,ഫോക്ക് ഫെസ്റ്റ്, ക്ലാസ്സിക്കൽ ഫെസ്റ്റ്, സാഹിത്യ സദസ്സ് എന്നിവ ഉച്ചതിരിഞ്ഞും അരങ്ങേറും.