

വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അഞ്ച് വിഭവങ്ങൾ ആണ് മത്സരാർത്ഥികൾ ഉണ്ടാക്കിയത്. ഉച്ചയ്ക്കുള്ള ആഹാരമായ മുത്താഴം, ഇതിൽ ധാന്യം കൊണ്ടുള്ള ഒരു വിഭവം, ഒരു ഒഴിച്ചു കറി, പിന്നെ ഒരു തോരൻ. അതിനു ശേഷം ഒരു നാലു മണി പലഹാരം, അതിനു ശേഷം ഒരു പായസം. ഇവയായിരുന്നു വർണ്ണക്കുട ജൈവ പാചക മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ടൗൺഹാളിൽ നടന്ന പാചക മത്സരം ശ്രീ.കൂടൽമാണിക്യം ആയ്യുർവ്വേദ ആശുപത്രിയിലെ ഡോക്ടർ കേസരി മേനോൻ ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അദ്ധ്യക്ഷത വഹിച്ചു’ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടും സ്വാഗത സംഘം ജനറൽ കൺവീനറുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി, കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, ഇരിങ്ങാലക്കുട മുനിസിപാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജിഷ ജോബി,പ്രോഗാം കമ്മിറ്റി കൺവീനർ ആർ.എൽ.ശ്രീലാൽ, സ്റ്റാൻലി പി.ആർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീജിത്ത് വി.ജി സ്വാഗതവും രഞ്ജു സതീഷ് നന്ദിയും പറഞ്ഞു.