ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
പ്രൗഢഗംഭീരമീ ഘോഷയാത്ര; ദൃശ്യ- ശ്രാവ്യ വിരുന്നായി ‘വർണ്ണക്കുട’ സാംസ്‌കാരിക ഘോഷയാത്ര
പ്രൗഢഗംഭീരമീ ഘോഷയാത്ര; ദൃശ്യ- ശ്രാവ്യ വിരുന്നായി ‘വർണ്ണക്കുട’ സാംസ്‌കാരിക ഘോഷയാത്ര

പ്രൗഢഗംഭീരമീ ഘോഷയാത്ര; ദൃശ്യ- ശ്രാവ്യ വിരുന്നായി ‘വർണ്ണക്കുട’ സാംസ്‌കാരിക ഘോഷയാത്ര

Varnnakuda

ഇരിങ്ങാലക്കുട : നാടിന്റെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ ക്ക് സംസ്കാര വൈവിധ്യത്തിന്റെ തിലകക്കുറി ചാർത്തി സാംസ്കാരിക ഘോഷയാത്രയോടെ ആരംഭം. നഗരം ഇന്ന് സാക്ഷിയായത് കേരളത്തിന്റെ തനത് സാംസ്കാരിക പ്രതീകങ്ങളായ തെയ്യം, തിറ, പുലിക്കളി, കാളകളി, വിവിധ വാദ്യരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, തുടങ്ങി വൻ ജനാവലി അണിനിരന്ന സാംസ്കാരിക വർണ വൈവിധ്യത്തിന്റെ പര്യായമായി മാറിയ ‘വർണ്ണക്കുട’ യ്ക്ക് നൽകിയ ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട എംഎൽഎയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ/ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുമായ ഡോ.ആർ ബിന്ദുവിൻ്റെ ഏകോപനത്തിൽ നടത്തപ്പെടുന്ന ‘വർണ്ണക്കുട’ മഹോത്സവത്തിൻ്റെ സാംസ്കാരിക ഘോഷയാത്രയിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, കുടുംബശ്രീ, എൻ സി സി അംഗങ്ങൾ, വിവിധ വായനശാലകൾ, ക്ളബ്ബുകൾ, കലാസമിതി പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവർ അണിനിരന്നു.
പഞ്ചായത്ത് അടിസ്ഥാനത്തിൽ ആഘോഷമായി വാദ്യനൃത്ത കലാകാരൻമാരും സന്നദ്ധപ്രവർത്തകരും ഇരിങ്ങാലക്കുട നഗരത്തിൽ തരംഗം തീർത്തു. മഴ എന്ന ഭീഷണിയെ അവഗണിച്ച് ഘോഷയാത്രയെ വരവേറ്റ ആയിരകണക്കിന് നാട്ടുകാർ ഘോഷയാത്ര കടന്നു പോകുന്ന വഴികളിൽ കൗതുകമായി.

മാവേലിയും, അശ്വാരൂഡരായ പതാകാ വാഹകരും, പട്ടു കുടകളും പഞ്ചവാദ്യത്തിൻ്റേയും അകമ്പടിയിലൊരുക്കിയ കലാകാഴ്ചകൾക്കൊപ്പം മത സൗഹാർദ്ദ സന്ദേശമുണർത്തുന്ന ദൃശ്യങ്ങളും ഘോഷയാത്രയിൽ ഒരുക്കിയിരുന്നു. വർണാഭമായ പൂക്കാവടികളും മുത്ത്കുടകളും വിവിധ ആശയങ്ങൾ പങ്കുവെക്കുന്ന നിശ്ചലദൃശ്യങ്ങൾക്കൊപ്പം ഘോഷയാത്രയ്ക്ക് പകിട്ടേകി.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർ വൈകീട്ട് മൂന്ന് മണിയോടെ കുട്ടംങ്കുളം സമീപം അണിനിരന്നു. നാല് മണിയോടെ കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഠാണാവ് വലം വെച്ച് അയ്യങ്കാവ് മൈതാനത്ത് ഒരുക്കിയ ‘വർണ്ണക്കുട’ പൊതുസമ്മേളന വേദിയുടെ അങ്കണത്തിൽ പ്രവേശിച്ചു.

മന്ത്രി ഡോ.ആർ ബിന്ദുവും, മണ്ഡലത്തിലെ ബ്ലോക്ക്പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡൻണ്ടുമാർ മറ്റു ജനപ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ഘോഷയാത്രയിൽ പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനം പ്രശസ്ത മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു.മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഐസിഎൽ ചെയർമാൻ കെ ജി.അനിൽകുമാർ, മിനി സ്ക്രീൻ താരം ശിവാനി, ഇരിങ്ങാലക്കുട മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്റർ,മണ്ഡലത്തിലെ ജനപ്രതിനിധികൾ, എന്നിവർ വിശിഷ്ടാതിഥികളായി.പൊതു സമ്മേളനത്തിൽ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകനും ഇരിങ്ങാലക്കുടക്കാരനുമായ പി ജയചന്ദ്രന് ആദരവർപ്പിച്ച് കൊണ്ടുള്ള ആദരണീയം പരിപാടി നടന്നു.

‘വർണ്ണക്കുട’ യിൽ ഇന്ന് വൈകീട്ട് 6 മണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ഫ്യൂഷൻ നൃത്തവും, പൊതുസമ്മേളനവും തുടർന്ന് 7 മണിക്ക് ആൽമരം മ്യൂസിക് ബാൻഡിൻ്റെ പരിപാടികളും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media